നേരം പരപരാ വെളുത്തു വരുന്നതെ ഉള്ളു, എന്ന് വെച്ചാല്‍, എന്റെ ഭാഷയില്‍ മണി ഏഴ് കഴിഞ്ഞു എന്നര്‍ത്ഥം. ജനലിലെ ചില്ലിലൂടെ സൂര്യന്‍ എന്നെ മെല്ലെ തഴുകി ഉണര്‍ത്തുകയാണ് എന്ന് തോന്നി...
പുതപ്പു മെല്ലെ നെറുകയിലേക്ക് വലിച്ചിടുമ്പോഴും എന്‍റെ ഉള്ളില്‍ ആ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു. അനിവാര്യതയെ കുറിച്ചുള്ള ആശങ്ക മനസ്സില്‍ ഒരു വിങ്ങലായി. ഒട്ടകപക്ഷി മണ്ണില്‍ തല പൂഴ്ത്തി വെയ്ക്കുന്നത് പോലെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു, സത്യത്തിനു നേരെ നോക്കാന്‍ മടിച്ചു!
യേത് നിമിഷവും അത് സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. കാലങ്ങളായി ഇതു സംഭവിക്കുന്നതാനെന്കിലും എല്ലാത്തവണയും ഒരേ വികാരമാണ് അതുണ്ടാക്കുന്നത്, ഒരു തരം നിഷേധാത്മക മനോഭാവം! അത് കൊണ്ടു എന്ത് പ്രയോജനം എന്ന് ചോദിക്കരുത്!
മനസ്സില്‍ ഇങ്ങനെ ഒക്കെ ഉള്ള ചിന്തകള്‍ ഉണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ഞാന്‍ ഉറക്കത്തിലേയ്ക്കു വഴുതി പൊയ്ക്കൊണ്ടിരുന്നു. പക്ഷെ പെട്ടെന്ന് എന്തോ ഓര്‍ത്തു വീണ്ടും ഉണര്‍ന്നു ചിന്ത തുടര്‍ന്നു. ഈ വിചാരം അല്ലെങ്കില്‍ ഭയം മനസ്സില്‍ ഉള്ളിടത്തോളം ഇനി ഇങ്ങനെ തന്നെ ആയിരിക്കും ഉണ്ടാവുന്നത്, അല്ലെങ്കില്‍ പിന്നെ അത് അങ്ങ് സംഭവിക്കണം...
ഇതു ഭയം ആണോ?
അല്ലേയല്ല!!!എന്നെ സ്വയം ആശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല, പക്ഷെ ഇത്തരം കാര്യങ്ങള്‍ എന്നെ ഭയപ്പെടുത്താറില്ല. നേരത്തെ പറഞ്ഞതു പോലെ, കുറെ നാളുകളായി ഇതു ഞാന്‍ കേള്‍ക്കുന്നത്. തുലാമാസത്തിലെ ഇടിമുഴക്കം പോലെ ഇതും ചിരപരിചിതമായി!
അടുത്ത മുറിയില്‍ നിന്നും അവിടുത്തെ അന്തേവാസിയുടെ ശബ്ദം ഇതിനിടയ്ക്ക് നന്നായി കേള്ക്കാം. നാട്ടിലുള്ള ഭാവി വധുവുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു, പച്ചമലയാളത്തില്‍ പറഞ്ഞാല്‍ 'പഞ്ചാര അടി'. ഇവിടെ ഒരാള്‍ കിടന്നുറങ്ങുകയാണ് എന്നുള്ള വിചാരം ഒന്നും കക്ഷിക്കില്ല. ചെറിയ തോതില്‍ അത് ഒരു ശല്യം ആണെന്കിലും എന്‍റെ മനസ്സു നിറയെ ഏത് നിമിഷവും സംഭവിക്കാവുന്ന ആ കാര്യം ആയിരുന്നു. അതുകൊണ്ട് എനിക്ക് മുഷിപ്പോന്നും തോന്നിയില്ലാ...
പെട്ടെന്ന് അത് സംഭവിച്ചു...
വെകിളി പിടിച്ച പോലെ ഞാന്‍ ചുറ്റും കൈ ഓടിച്ചു. എവിടെ ആണത്? കണ്ണ് തുറന്നു നോക്കാനുള്ള മടി കാരണം പെട്ടെന്നൊന്നും അത് കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. നിമിഷങ്ങള്‍ കഴിയും തോറും അത് മുറുകി കൊണ്ടിരുന്നു...
അവസാനം രണ്ടും കല്പിച്ചു ഞാന്‍ കണ്ണ് തുറന്നു നോക്കാന്‍ തന്നെ തീരുമാനിച്ചു. കണ്ണ് തുറന്നു നോക്കിയപ്പോളാണ് അത് കണ്ടെത്താന്‍ സാധിച്ചത്. എല്ലാ ശക്തിയും എടുത്തു ഞാന്‍ ഒരു വിധത്തില്‍ ഏന്തി വലിഞ്ഞു മൊബൈല് എടുത്തു അലാറം സ്വിച്ച് ഓഫ് ചെയ്തു! ഹാവൂ, എന്തൊരാശ്വാസം!!!
മണി ഏഴര ആയി, ഇനിയിപ്പോള്‍ എണീറ്റെ പറ്റൂ. അങ്ങനെ വീണ്ടും ഒരു ദിവസം തുടങ്ങുകയായി!!!